ആമുഖം

കേരളത്തില്‍, സഹകരണ മേഖലയില്‍ ക്ഷീര കര്‍ഷകരുടെ സംരംഭത്തിന്റെ വാണിജ്യനാമമാണ് നമുക്കേവര്‍ക്കും സുപരിചിതമായ മില്‍മ. പാലിന്റെ സംഭരണതലത്തിലുളള ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഗ്രാമതല മില്‍ക്ക് ബള്‍ക്ക് കൂളറുകള്‍ മില്‍മ സ്ഥാപിക്കുകയും ഗുണനിലവാരം ഉറപ്പാക്കി പാല്‍ സംഭരിക്കുകയും ചെയ്യുന്നു. പാല്‍ സംഘംതല ശീതീകരണം കഴിഞ്ഞ് ഡെയറി പ്ലാന്‍റുകളില്‍ എത്തി കര്‍ശന ഗുണനിലവാര പരിശോധനക്ക് വിധേയമാക്കി, സംസ്ക്കരിച്ച്, പാലും മറ്റു വിവിധ പാലുല്‍പ്പങ്ങളുമായി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു. ക്ഷീര വ്യവസായത്തിനാവശ്യമായ സംഭരണ-സംസ്ക്കരണ-വിപണന നിക്ഷേപങ്ങള്‍ കൃത്യമായ ദീര്‍ഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം സ്വന്തം വ്യാപാര ലാഭത്തില്‍ നിന്നും കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ നിന്നും, സ്വിസ്സ് വികസന ഏജന്‍സി പോലെയുളള അഭ്യുദയകാംക്ഷികളില്‍ നിന്നും ആകര്‍ഷിച്ച് മുന്നോട്ടുപോകുന്നതാണ് മില്‍മയുടെ വികസന മാതൃക. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍ വിലയില്‍ നിന്ന് 83.5 ശതമാനവും കര്‍ഷകരിലേക്ക് അടിസ്ഥാന പാല്‍വിലയും ലാഭവിഹിതവും ക്ഷീര കര്‍ഷകന്റെ സുസ്ഥിതിക്കുളള പദ്ധതികളുമായി തിരിച്ചെത്തിക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ട്. സുതാര്യവും സത്യസന്ധവും അതേസമയം ആധുനികവുമായൊരു പ്രവര്‍ത്തന രീതിയാണ് മില്‍മയുടെത്.

നമ്മുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലാണ് ക്ഷീരമേഖല. കഴിഞ്ഞ 2 പതിറ്റാണ്ടായി ലോക രാജ്യങ്ങളെയെല്ലാം പിന്‍തള്ളി പാലുല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തുളളത് നമ്മുടെ ഭാരതമാണ്. ക്ഷീരമേഖലയിലെ ഈ എടുത്തുപറയത്തക്ക വളര്‍ച്ച കേരളത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടുളളത്, പാലിന് സ്ഥിര വില വിപണിയില്‍ നിലനിര്‍ത്തിക്കൊണ്ട്, സംസ്ഥാന സര്‍ക്കാരും, ക്ഷീര സഹകരണ പ്രസ്ഥാനമായ മില്‍മയും യോജിച്ച് നടത്തുന്ന പ്രവര്‍ത്തന മികവുകൊണ്ടാണ്. നൂതന ആശയങ്ങള്‍ പാല്‍ സംഭരണ മേഖലയിലും സംസ്കരണത്തിലും വിപണനത്തിലും നടത്തുന്നതു കൂടാതെ നിരവധി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളും മില്‍മ നടത്തി വരുന്നു.

കാര്‍ഷിക മേഖലയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ പാല്‍ വില വളരെ കൃത്യതയോടെ എത്തിച്ചു നല്‍കുന്നതില്‍ മില്‍മ പ്രതിജ്ഞാബദ്ധമാണ്. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭം ഇന്‍സെന്‍റീവ് ആയിട്ടും, അനവധി കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷകരിലേക്ക് തന്നെ തിരികെ എത്തിക്കുന്നു. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കര്‍ഷകര്‍ കര്‍ഷകരാല്‍ തന്നെ തെരഞ്ഞെടുക്കുന്ന സമിതിയും വോട്ടവകാശത്തിലൂടെ അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയ്ക്കുമാണ് മേഖലാ യൂണിയന്റെയും മില്‍മയുടെയും ഭരണ ചുമതല. അതുകൊണ്ടു തന്നെ കര്‍ഷകരുടെ ക്ഷേമത്തിനായുളള മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്കാകുന്നു. പ്രവര്‍ത്തന ലാഭം മില്‍മയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുളള സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ കര്‍ഷകനും തിരികെ നല്‍കാനാകുന്നു. 1990 ല്‍ കേവലം 144 ഓളം ക്ഷീരസംഘങ്ങള്‍ അംഗങ്ങളായി പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ മേഖലാ യൂണിയനില്‍ ഇന്ന്, 2022 ല്‍ എത്തി നില്‍ക്കുമ്പോള്‍ 1140 ക്ഷീരസംഘങ്ങള്‍ അംഗങ്ങള്‍ ആയി മാറിക്കഴിഞ്ഞു. മൂന്നു ലക്ഷത്തില്‍പ്പരം ക്ഷീരകര്‍ഷകര്‍ അംഗങ്ങളായി ഉണ്ടെങ്കിലും നിലവില്‍ ഒരു ലക്ഷത്തില്‍ താഴെ കര്‍ഷകര്‍ ആണ് ദിനംപ്രതി പാല്‍ നല്‍കി വരുന്നത്. മേഖല യൂണിയനില്‍ ശരാശരി 7.5 ലക്ഷം ലിറ്റര്‍ പാല്‍ ദിനംപ്രതി സംഭരിക്കുന്നുണ്ട്.

സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള ക്ഷീരകര്‍ഷകര്‍, കര്‍ഷക ഭവനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ തനിമയും ഗുണവും ഒട്ടും ചോര്‍ന്നു പോകാത്ത രീതിയില്‍ സംഭരിച്ച് ഗ്രാമതലത്തില്‍ തന്നെ പെട്ടന്ന് തണുപ്പിച്ച് യഥാസമയം മില്‍മയ്ക്ക് നല്‍കുവാന്‍ ക്ഷീര സംഘങ്ങളെ മേഖലാ യൂണിയന്‍ സാങ്കേതികമായി പ്രാപ്തമാക്കികഴിഞ്ഞിരിക്കുന്നു.
അതുപോലെതന്നെ എല്ലാ ദിവസവും അതായത് ഹര്‍ത്താല്‍, പണിമുടക്ക്, പ്രകൃതിദുരന്തങ്ങള്‍ അടക്കമുള്ള ദിവസങ്ങളിലും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ മുടക്കം കൂടാതെ പൂര്‍ണ്ണമായും സ്വീകരിക്കുന്നതിനും, ആയതിന് വില മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട ചാര്‍ട്ട് പ്രകാരം ഓരോ പത്ത് ദിവസം കൂടുമ്പോഴും കൃത്യമായി നല്‍കുന്നുമുണ്ട്.

img
ചരിത്രം

1963 ല്‍ ഇന്ത്യന്‍ സര്‍ക്കാരും സ്വിസ് സര്‍ക്കാരും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ പുതിയ സങ്കരയിനം കന്നുകാലികളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോ സ്വിസ് പ്രൊജക്റ്റ് കേരള (ISPK) ആരംഭിച്ചത്. ഇന്‍ഡോ സ്വിസ് പദ്ധതിയുടെ സമാരംഭം കുറിച്ചതിനുശേഷമാണ് കേരളത്തില്‍ ശാസ്ത്രീയമായ രീതിയിലുള്ള ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അതേസമയം ഉല്പ്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവ സഹകരണാടിസ്ഥാനത്തില്‍ സംയോജിപ്പിച്ച് ഗുജറാത്തിലെ ആനന്ദില്‍ വിജയകരമായി നടപ്പിലാക്കിയ ഓപ്പറേഷന്‍ ഫ്ളഡ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ 1980 ല്‍ തീരുമാനമെടുക്കുകയുണ്ടായി. എന്നാല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് നടത്തിയ സാധ്യതാ പഠനത്തില്‍ മലബാര്‍ മേഖലയില്‍ പാല്‍ ഉല്‍പ്പാദനത്തിന് വലിയ സാധ്യതയില്ലെന്ന് കണ്ടതിനാല്‍ മലബാര്‍ മേഖലയില്‍ ഓപ്പറേഷന്‍ ഫ്ളഡ് പദ്ധതി നടപ്പിലാക്കുകയുണ്ടായില്ല. പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെയും കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഉത്തര കേരള ക്ഷീര പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാരും സ്വിസ് സര്‍ക്കാരും ചേര്‍ന്ന് 25.09.1987 ന് ഒപ്പു വെച്ച കരാര്‍ പ്രകാരം അംഗീകാരം നല്‍കുകയും, തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള 6 ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുകയുമുണ്ടായി.

മലബാര്‍ മേഖലാ യൂണിയന്‍ 1989 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു ശേഷം ഉത്തര കേരള ക്ഷീര പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മലബാര്‍ യൂണിയന്‍ ഏറ്റെടുക്കുകയുണ്ടായി. സാങ്കേതികവും സംഘടനാപരവുമായ വികസനത്തിനായി മലബാര്‍ യൂണിയനും സ്വിസ് ഏജന്‍സിയും തമ്മില്‍ നേരിട്ടുള്ള സഹകരണത്തിനാണ് ഉത്തര കേരള ക്ഷീര പദ്ധതിയില്‍ പ്രാധാന്യം നല്‍കിയത്.

1950 - വാഗമണ്‍

കേരളത്തിന്റെ കുടിയേറ്റ കര്‍ഷക ചരിത്രത്തില്‍ നിര്‍ണ്ണായകമായിരുന്ന കാലം. ജീവിതം തേടി മലകയറി മണ്ണിനോടും പ്രകൃതിയോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി ജീവിച്ചിരുന്ന വാഗമണ്ണിലെ കര്‍ഷകര്‍ക്കിടയിലേക്ക് 1960-ലാണ് ബെല്‍ജിയന്‍ സന്യാസിയായ ഫാദര്‍ ഫ്രാന്‍സിസ് എത്തുന്നത്. ക്ഷീര കൃഷിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന അദ്ദേഹത്തിന് ഇടുക്കി ജില്ലയിലെ പീരുമേട് ഹൈറേഞ്ചുകളില്‍ ഡെയറി അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര കൃഷി രീതിയുടെ സാധ്യത തോന്നി.
കര്‍ഷകര്‍ക്കായി പുതിയൊരു കാര്‍ഷിക മേഖലയുടെ പുതു വെളിച്ചം പോലെ അദ്ദേഹം പീരുമേട്ടിലെ വിശാലമായ പുല്‍മേടുകളില്‍ ഭാവിയിലെ മില്‍ക്ക് ഷെഡ് സ്വപ്നം കണ്ടു. സ്വന്തം സുഹൃത്ത് കൂടിയായ ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് അംബാസഡര്‍ ജാക്വസ് എ. ക്യൂട്ടാട്ടുമായി അദ്ദേഹം പങ്കുവെച്ച ഈ ആശയം ക്ഷീര കൃഷിയില്‍ വഴിത്തിരിവായി. അതോടെ ഡെയറി കോളനിവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈറേഞ്ചുകള്‍ സന്ദര്‍ശിച്ച സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ മാട്ടുപ്പെട്ടിയിലെ ഒഴിഞ്ഞുകിടക്കുന്ന അഞ്ഞൂറ് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒരു പരീക്ഷണ പദ്ധതി ശുപാര്‍ശ ചെയ്തു. കേരളത്തിലെ ക്ഷീര കര്‍ഷകരുടെ ജീവിതത്തിലും ക്ഷീര മേഖലയിലും തന്നെ പുതു വഴിയായ 'ഇന്‍ഡോ-സ്വിസ്സ് പ്രൊജക്റ്റ് കേരള' സ്ഥാപിക്കാന്‍ രണ്ട് സര്‍ക്കാരുകളും സംയുക്തമായി തീരുമാനിക്കുന്നത് അങ്ങനെയാണ്.

1963 - ഇന്‍ഡോ-സ്വിസ്സ് പ്രൊജക്റ്റ് കേരള

1960 കളുടെ മദ്ധ്യത്തില്‍ കേന്ദ്ര സര്‍ക്കാരും സ്വിസ്സ്സര്‍ലാന്‍റ് സര്‍ക്കാരും ചേര്‍ന്ന് ഒപ്പു വെച്ച കരാറാണ് ഇന്‍ഡോ-സ്വിസ്സ് പ്രൊജക്റ്റ് കേരള. പ്രാദേശിക പരിസ്ഥിതിയ്ക്ക് അനുയോജ്യമായ പുതിയ ഇനം കന്നുകാലികളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി കൃത്രിമ ബീജ സങ്കലനം പരിചയപ്പെടുത്തുക, മെച്ചപ്പെട്ട കന്നുകാലി ആരോഗ്യം കൈകാര്യം ചെയ്യുക, പുല്‍കൃഷി വികസനം എന്നിവയിലൂടെ കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. SDC അഥവാ സ്വിസ്സ് ഏജന്‍സി ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് കോഓപ്പറേഷന്‍ സാമ്പത്തിക സഹായത്തോടെയും സഹകരണത്തോടെയും കൂടി 1996 വരെയും കേരളത്തില്‍ നടപ്പിലായിരുന്ന ഈ പദ്ധതി പാവപ്പെട്ട കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം യാഥാര്‍ഥ്യമാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല.

1987. ഉത്തര കേരളാ ഡെയറി പ്രൊജക്റ്റ്

മലബാര്‍ മേഖലയിലെ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1987 സെപ്റ്റംബര്‍ 25 ന് ഇന്ത്യാ ഗവണ്‍മെന്റും സ്വിസ്സ്സര്‍ലന്റ് ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാറാണ് നോര്‍ത്ത് കേരളാ ഡെയറി പ്രൊജക്റ്റ് അഥവാ ഉത്തര കേരളാ ഡെയറി പ്രൊജക്റ്റ്. 16.18 കോടി രൂപ ഗ്രാന്‍റ് ആയും 9.84 കോടി രൂപയോളം ലോണ്‍ ആയും ലഭിച്ച 26.02 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് പ്രധാനമായും 2 ഘട്ടങ്ങളും പിന്നീട് ദീര്‍ഘിപ്പിച്ച ഒരു ഘട്ടം കൂടിയുണ്ടായിരുന്നു. മലബാറിലെ ക്ഷീര വികസനത്തിന്റെ ആണിക്കല്ലായ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് മലബാര്‍ മില്‍മ രൂപം കൊള്ളുന്നത്.

1989.മലബാര്‍ മില്‍മ

ഉത്തര കേരള ഡയറി പ്രോജക്ടിന്റെ ഭാഗമായി 1989-ല്‍ രൂപീകരിച്ച മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ അഥവാ മലബാര്‍ മില്‍മ സ്വിസ് പാരമ്പര്യത്തിന്‍റെയും എസ്.ഡി.സി നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ്.
2002 വരെയും സാമ്പത്തികമായും സംഘടിതമായും വ്യക്തമായ സ്വിസ്സ് മേല്‍ നോട്ടത്തില്‍ സഞ്ചരിച്ച മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അതിനു ശേഷം ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരും, ക്ഷീര സംഘങ്ങളും, പാല്‍ സംഭരണവും, വിപണനവും, വരുമാനവുമുള്ള മേഖലാ യൂണിയനുകളില്‍ ഒന്നായി വളരുകയായിരുന്നു. പിന്നീട് സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷക സൗഹൃദത്തിന്റെ മാതൃകയായി 6 ജില്ലകളിലേയ്ക്കു വ്യാപിച്ച മലബാര്‍ മില്‍മയുടെ ഈ ജൈത്ര യാത്രയുടെ തുടക്കം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.

പ്രതിസന്ധികള്‍

ലയിക്കാന്‍ എതിര്‍പ്പ് കാണിച്ചിരുന്ന മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലാ മില്‍ക്ക് യൂണിയനുകളും, ആനന്ദ് മാതൃകയോടുള്ള പരമ്പരാഗത ക്ഷീര സംഘങ്ങളുടെ എതിര്‍പ്പും, സംസ്കരണത്തിന് സൗകര്യമില്ലെന്നതും, പാല്‍ ക്ഷാമവും, പാല്‍ കേടാകുന്ന അവസ്ഥയും, ഉല്‍പ്പന്നം നെയ്യ് മാത്രമാണെന്ന പരിമിതിയും, ഓപ്പറേഷന്‍ ഫ്ളഡ് പദ്ധതിയുടെ തീര്‍ത്തുമുള്ള അവഗണനയുമടക്കം മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ തുടക്ക കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ഏറെയാണ്. എന്നാല്‍ മികച്ച ഏകോപനത്തിലൂടെ പതിയെ പ്രതിസന്ധികള്‍ ഓരോന്നും ശക്തിയാക്കി മാറ്റിയ മലബാര്‍ മില്‍മയുടെ വളര്‍ച്ചയുടെ പടവുകള്‍ ഇന്ന് ചരിത്രമാണ്.

മലബാര്‍ മില്‍മ ഇന്ന്

ഇന്ന് മലബാര്‍ മില്‍മ പാലിന്റെ തനിമയില്‍ ഒരു തുള്ളി പോലും ചോരാതെയുള്ള പാല്‍ സംഭരണം മുതല്‍ തുടങ്ങുന്ന വ്യക്തവും കൃത്യവുമായ മേന്മയുടെ ഒരു തുടര്‍ച്ചയാണ്. ദീര്‍ഘ വീക്ഷണത്തില്‍ നയിക്കപ്പെടുന്ന ആ മുന്നേറ്റത്തിന്റെ മര്‍മ്മം എന്നും അദ്ധ്വാനിക്കുന്നവന്റെ മനസ്സറിഞ്ഞുള്ള കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളായിരുന്നു.
മാര്‍ക്കറ്റ് വിലയുടെ ഏകദേശം 83% മില്‍മ അധിക പാല്‍ വില ഉള്‍പ്പെടെ ഉല്‍പാദകനു തന്നെ നല്‍കുന്നു. ഓരോ ലിറ്റര്‍ പാലില്‍ നിന്നും ഒരു നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയിലേക്ക് മില്‍മ നേരിട്ട് അടയ്ക്കുന്നു. സംഘങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന Automated Milk Collection Unit വഴി പാലിന്റെ കൊഴുപ്പും മറ്റ് പ്രധാന വിവരങ്ങളും അപ്പോള്‍ തന്നെ കര്‍ഷകന് ലഭ്യമാക്കുന്നു. ഇതുവരെയായി 24000 ത്തോളം പശുക്കുട്ടികളെ ദത്തെടുത്ത കിടാരി പരിപാലന പരിപാടി, തെരെഞ്ഞടുക്കുന്ന കിടാരികള്‍ക്ക് 3 വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷൂറന്‍സും 20 മാസത്തേക്ക് തീറ്റയ്ക്ക് പകുതി വിലയും നല്‍കിപ്പോരുന്നു. ഇതിനൊക്കെ പുറമെ മേഖലാ യൂണിയനില്‍ അംഗത്വമുള്ള സംഘങ്ങള്‍ക്കു താഴെ പറയുന്ന വിവിധ സഹായ പദ്ധതികള്‍ നല്‍കി വരുന്നു:

പാലുൽപ്പാദന ചിലവ് കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
 • ഗുണമേന്മയുള്ള പച്ചപ്പുല്ല്, ചോളപ്പുല്ല്, ചോളംസൈലേജ് എന്നിവ സബ്സിഡിയോടെ കർഷകരുടെ വീട്ടുപടിക്കൽ.
 • 70 ശതമാനം സബ്സിഡി നിരക്കിൽക്ഷീരവർദ്ധിനി ബൈപ്പാസ് ഫാറ്റ്.
 • 50 ശതമാനം സബ്സിഡി നിരക്കിൽ ധാതുലവണമിശ്രിതം.
 • എം.ആർ.ഡി.എഫ് വഴി വൈക്കോലും ബദൽ തീറ്റകളും മിതമായ വിലയിൽ.
 • തീറ്റ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഫോഡർ ഹബ്ബുകൾ.
 • DVU യൂണിറ്റുകളിലൂടെ മിതമായ നിരക്കിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും മരുന്നും കർഷകന്റെ വീട്ടുപടിക്കൽ.
 • മിതമായ നിരക്കിൽ ക്ഷീരസംഘങ്ങൾ വഴി ഫല പ്രദമായ ആയുർവേദ വെറ്ററിനറി മരുന്നുകളുടെ വിതരണം.
 • കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലൂടെ സൗജന്യമായി ബീജമാത്രകളുടെ വിതരണം.
 • കന്നുകാലി ഇൻഷൂറൻസ്, കാലിത്തൊഴുത്ത് ഇൻഷൂറൻസ്, കർഷക ഭവനങ്ങളുടെ ഇൻഷൂറൻസ് എന്നിവയ്ക്ക് സാമ്പത്തിക സഹായം.
പാൽ ഗുണനിലവാര വർദ്ധനവിനുള്ള പ്രവർത്തനങ്ങൾ
 • ഉൽപ്പാദന, സംഭരണ തലങ്ങളിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സഞ്ചരിക്കുന്ന 14 പാൽ പരിശോധനാ ലാബുകൾ.
 • ഗ്രാമതല പ്രവർത്തകർ വഴി അകിടുവീക്ക നിയന്ത്രണ പദ്ധതി.
 • ബയോഗ്യാസ് പ്ലാന്റിനും, കാലിത്തൊഴുത്തിനും, സ്റ്റീൽ പാൽ പാത്രങ്ങൾക്കും കർഷകർക്ക് ധനസഹായം.
 • അണുഗുണ നിലവാര പരിശോധനാ സൗകര്യം ഒരുക്കുന്നതിനും, സെൻട്രിഫ്യൂജുകൾക്കും, പാൽക്യാനുകൾക്കും ക്ഷീര സംഘങ്ങൾക്ക് ധനസഹായം.
 • ക്ഷീര സംഘങ്ങളിൽ പാൽ ശീതീകരിക്കുന്നതിനായി ബൾക്ക് മിൽക്ക് കൂളറുകൾ.
 • 62 ക്ഷീര സംഘങ്ങൾക്ക് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അംഗീകാരം.
മറ്റ് ക്ഷേമപ്രവർത്തനങ്ങൾ
 • സ്വന്തമായി വീടില്ലാത്ത തെരഞ്ഞെടുത്ത വിധവകളായ ക്ഷീരകർഷകർക്ക് 5 ലക്ഷം രൂപ ഭവന നിർമ്മാണ ധനസഹായം.
 • ക്ഷീരകർഷകരുടെ 18 വയസ്സിൽ താഴെയുള്ള ടൈപ്പ്-1 പ്രമേഹ രോഗികളായ മക്കൾക്ക് ചികിത്സാസഹായം.
 • കർഷകർക്ക് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ പേരിൽ ക്ഷീരസുകന്യ പദ്ധതി.
 • ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങൾ, ഉപകരണങ്ങൾ, ഗോഡൗണുകൾ എന്നിവയ്ക്ക് സൗജന്യ ഇൻഷൂറൻസ് പരിരക്ഷ.
 • ക്ഷീരസംഘങ്ങളുടെ കെട്ടിട നിര്‍മ്മാണത്തിനും, അറ്റകുറ്റ പണികള്‍ക്കും, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ധനസഹായം.

കണ്ണൂര്‍ ജില്ലയിലെ മലയോര ഡെയറിയില്‍ ഏകദേശം 13 കോടി രൂപ ചിലവഴിച്ചു ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത UHT പാല്‍ സംസ്ക്കരണ ശാല, കോഴിക്കോട് ഡെയറിയിലെ പൂര്‍ണ യന്ത്രവല്‍കൃത ഐസ്ക്രീം സംസ്ക്കരണ സംവിധാനം, വയനാട് ഡെയറിയിലെ പേഡ നിര്‍മ്മിക്കാനുള്ള യന്ത്രവല്‍കൃത സംവിധാനം, കണ്ടെന്‍സ്ഡ് പാല്‍ സംസ്ക്കരണ ശാല, വെണ്ണ നിര്‍മ്മാണ യന്ത്രം, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണശാല, ക്ഷീര സംസ്കരണശാല, കൂടാതെ ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന ലളിതമായ ആശയ വിനിമയത്തിനായി യൂണിയനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 54 ഓളം ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത Cloud based സോഫ്റ്റ് വെയറുകൾ, മില്‍മ ഷോപ്പികള്‍, ഗള്‍ഫ് മേഖലകളിലേയ്ക്കുള്ള കയറ്റുമതി, ഫ്ളൈറ്റ് കാറ്ററിംഗ്, ഓണ്‍ലൈന്‍ വിപണനം, KSRTC യും KTDC യുമായി ചേര്‍ന്നുള്ള മാര്‍ക്കറ്റിംഗ് പദ്ധതികള്‍, വാഹനവും ഫ്രീസറുമായി ഉള്‍നാടുകളില്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്ന വനിതാ ഗ്രാമതല പ്രവര്‍ത്തകര്‍ എന്നിവ ഉള്‍പ്പെടുന്ന വലിയൊരു ഉത്പ്പാദന-വിതരണ ശൃംഖലയാണിന്നു മലബാര്‍ മേഖല യൂണിയന്‍.
ടെക്നോളജിയോട് ഒപ്പം നില്‍ക്കുകയും അനുദിനം നവീകരിക്കപ്പെടുകയും ചെയ്യുമ്പോഴും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പാല്‍ വില കര്‍ഷകനു നല്‍കുകയും, പ്രത്യക്ഷമായും പരോക്ഷമായും ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് ഉപജീവനമാകുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണിന്ന്.
രൂപീകരിക്കപ്പെട്ട കാലം മുതല്‍ ക്ഷീര കര്‍ഷകന്റെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ഉത്തരകേരള ക്ഷീര പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം നിറവേറ്റി പോരുന്ന മലബാര്‍ മില്‍മ ഇന്ന് ക്ഷീര സഹകരണ മേഖലയിലെ വേറിട്ട മാതൃകയാണ്. പാല്‍ നുരയുടെ രുചിഭേദങ്ങള്‍ കൊണ്ട് മലയാളിയുടെ സ്വന്തം സ്വാദായി മാറിയ മലബാര്‍ മില്‍മ പാല്‍ ഉല്‍പ്പാദകരുടെ സമ്പല്‍സമൃദ്ധി ഉപഭോക്തൃ സംതൃപ്തിയിലൂടെ എന്ന ആശയം ഓരോ നിമിഷവും മുറുകെപ്പിടിക്കുന്നു.

ഒറ്റനോട്ടത്തിൽ
രജിസ്റ്റര്‍ ചെയ്ത തീയ്യതി 29/06/1989
പ്രവര്‍ത്തനം ആരംഭിച്ച തീയ്യതി 15/01/1990
ഡെയറി പ്ലാന്‍റുകളുടെ എണ്ണം 5
സെന്‍ട്രല്‍ പ്രോഡക്റ്റ്സ് ഡെയറി 1
റോ മിൽക്ക് റീലോഡിങ് സെന്ററുകളുടെ എണ്ണം 4
സംഭരണ, ഇന്‍പുട് സെന്‍ററുകളുടെ എണ്ണം 10
മാര്‍ക്കറ്റിംഗ് ഡിപ്പോകളുടെ എണ്ണം 7
മാനവ വിഭവ ശേഷി വികസന കേന്ദ്രങ്ങളുടെ എണ്ണം 1
അസംസ്കൃത പാല്‍ പ്രതിദിന ശരാശരി (2023-2024) 6,51,339 ലിറ്റര്‍
യുണിയനിലേക്കു പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ എണ്ണം (2023-2024) 77,750
പ്രതിദിന പാല്‍ സംസ്കരണ ശേഷി (2023-2024) 8.75 ലക്ഷം
പ്രതിദിന ഗ്രാമീണ പാല്‍ ശീതീകരണ ശേഷി (2023-2024) 9.0 ലക്ഷം