Toll free: 1800 889 0230

Chairman's Greetings

chairman

കെ.എസ് മണി

ചെയർമാൻ, മിൽമ

ലോകജനതയെ ആകർഷിച്ച ഇന്ത്യയിലെ ധവള വിപ്ലവത്തിൻ്റെ ഈറ്റില്ലമാണ് ഗുജറാത്തിലെ ആനന്ദ്. ആനന്ദിലാരംഭിച്ച ഈ വിപ്ലവം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി വ്യാപിപ്പിക്കപ്പെടുകയും അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പാലുൽപ്പാദന രാജ്യമെന്ന ബഹുമതി നമ്മുടെ രാജ്യം കൈവരിക്കുകയുണ്ടായി. ഈ ധവള വിപ്ലവത്തിൻ്റെ ശില്പിയാകട്ടെ ലോക പ്രശസ്തനായ ഡോ. വർഗ്ഗീസ് കുര്യൻ എന്ന മലയാളിയും.

1943-ൽ അമേരിക്കയിൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ച് വന്ന ഡോ. കുര്യനെ ത്രിഭുവൻദാസ് പട്ടേൽ ഏൽപ്പിച്ച ഒരു ചെറിയ ദൗത്യമായിരുന്നു സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്നതും, സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിനു വിധേയമായി കഴിഞ്ഞിരുന്നതുമായ ഗുജറാത്തിലെ ക്ഷീര കർഷകരെ സഹായിക്കുക എന്നത്. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് കർഷകരാൽ കർഷകർക്കുവേണ്ടി കർഷകർ തന്നെ നയിക്കുന്ന ത്രിതല സഹകരണ സംവിധാനം ആയിരുന്നു. ഇങ്ങനെ ക്ഷീര കർഷകരെ അവരുടെ സ്വന്തം ബ്രാൻഡ് നെയിമിന്റെ കീഴിൽ അണിനിരത്തിക്കൊണ്ട് വിപണിയിലെ എല്ലാ സാധ്യതകളും നേരിട്ട് അനുഭവിക്കാനുള്ള സ്ഥിതി സംജാതമായി. 1980 കളിൽ ഈ സംവിധാനം കേരളത്തിൽ ആരംഭിച്ചപ്പോൾ തിരുവനന്തപുരം, എറണാകുളം മേഖലകൾ മാത്രമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലബാർ, ക്ഷീരോൽപ്പാദനത്തിന് ഒട്ടും യോജിച്ച ഇടമായി അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല എങ്കിലും പിന്നീട് 1990-ൽ മലബാർ മേഖലാ യൂണിയൻ ആരംഭിച്ചു. ഇന്ന് കേരളത്തിന്റെ മൊത്തം പാൽ ഉൽപ്പാദനത്തിന്റെ പകുതി ഭാഗവും മലബാറിൽ നിന്നാണ് ഉത്പ്പാദിപ്പിക്കുന്നത്.

കേരളത്തിൽ സഹകരണ മേഖലയിൽ ക്ഷീര കർഷകരുടെ സംരംഭത്തിന്റെ വാണിജ്യനാമമാണ് നമുക്കേവർക്കും സുപരിചിതമായ മിൽമ. പാലിന്റെ സംഭരണതലത്തിലുള്ള ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്ര സഹായത്തോടെ ഗ്രാമതലത്തിൽ മിൽക്ക് ബൾക്ക് കൂളറുകൾ മിൽമ സ്ഥാപിച്ചിരുന്നു. 95 ശതമാനം പാലും സംഘംതല ശീതീകരണം കഴിഞ്ഞാണ് ഡെയറികളിൽ എത്തുന്നത്. ഇത് ഡയറി പ്ലാന്റുകളിൽ സംസ്കരിച്ച് പാലും മറ്റ് പാലുല്പന്നങ്ങളുമായി ജനങ്ങളിലെത്തിക്കുന്നു. ക്ഷീര വികസനത്തിനാവശ്യമായ സംഭരണ സംസ്കരണ വിപണന നിക്ഷേപങ്ങൾ കൃത്യമായ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം സ്വന്തം വ്യാപാര ലാഭത്തിൽ നിന്നും കേന്ദ്ര-കേരള സർക്കാരുകളിൽ നിന്നും സ്വിസ് വികസന ഏജൻസി പോലെയുള്ള അഭ്യുദയകാംക്ഷികളിൽ നിന്നും ആകർഷിച്ച് മുന്നോട്ട്പോകുന്നതാണ് മിൽമയുടെ വികസന മാതൃക. ഉപഭോക്താവിൽ നിന്നും കരസ്ഥമാക്കുന്ന പണത്തിന്റെ 83 ശതമാനവും കർഷകരിലേക്ക് അടിസ്ഥാന പാൽവിലയും ലാഭവിഹിതവും ക്ഷീര കർഷകന്റെ സുസ്ഥിതിക്കുള്ള പദ്ധതികളുമായി തിരിച്ചെത്തിക്കാൻ മിൽമക്ക് സാധിക്കുന്നുണ്ട്. സുതാര്യവും സത്യസന്ധവും അതേസമയം ആധുനികവുമായൊരു പ്രവർത്തന രീതിയാണ് മില്മയുടേത്.

കാർഷിക മേഖലയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ക്ഷീരമേഖലയിൽ കർഷകർക്ക് തങ്ങളുടെ പാൽ വില വളരെ കൃത്യനിഷ്ഠമായി എത്തിച്ചു നൽകുന്നതിൽ മിൽമ പ്രതിജ്ഞാബദ്ധമാണ്. പാലിന്റെ വില്പന വിലയുടെ 83.5% തുകയും കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നു സുതാര്യവും സത്യസന്ധവും അതേസമയം ആധുനികവുമായൊരു പ്രവർത്തന രീതിയാണ് മില്മയുടേത് എന്നത് കൂടാതെ ലഭിക്കുന്ന ലാഭം ഇൻസെന്റീവ് ആയിട്ടും അനവധി കർഷകക്ഷേമ പ്രവർത്തനങ്ങളിലൂടെയും കർഷകരിലേക്ക് തന്നെ എത്തിക്കുന്നു.

vk

മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷീരസംഘങ്ങളിൽ കർഷകർ കർഷകരാൽ തന്നെ തെരഞ്ഞെടുക്കുന്ന ഭരണസമിതിയും വോട്ടവകാശങ്ങളിലൂടെ അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതി അംഗങ്ങൾക്കുമാണ് മിൽമയുടെ ഭരണചുമതല. അതുകൊണ്ടു തന്നെ കർഷകരുടെ ക്ഷേമത്തിനായുള്ള മികച്ച തീരുമാനങ്ങൾ എടുക്കാൻ അവർക്കാകുന്നു. ലാഭം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങി നിൽക്കുന്നതു പകരം മിൽമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളിൽ പാൽ അളക്കുന്ന ഓരോ കർഷകനും അത് തിരികെ നൽകാനാകുന്നു എന്ന വസ്തുതയും നാം മനസ്സിലാക്കിയിരിക്കണം.

img

പാൽ സംഭരണതലത്തിലും സംസ്കരണതലത്തിലും ഏറ്റവും നൂതന സാങ്കേതികവിദ്യകളും, സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള വിവരശേഖരണവും അനുബന്ധ പ്രവർത്തനങ്ങളുമാണ് മിൽമ ഇന്ന് നടത്തി വരുന്നത്. കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായും സമയ ബന്ധിതമായും പൂർത്തീകരിക്കാൻ കഴിവുള്ള ജീവനക്കാരാണ് മിൽമയിലുള്ളത്. വൈദഗ്ധ്യവും പരിശോധിച്ച് നിയമാനുസൃതമായിത്തന്നെ ജോലിയിൽ നിയമിക്കുകയും കൃത്യമായ ഇടവേളയിൽ അവരുടെ പ്രാവീണ്യം വിലയിരുത്തുകയും ചെയ്യുന്നു.

മിൽമ വിവിധ തലങ്ങളിലേക്കായി നിരവധി ആളുകൾക്കാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിയമനം നൽകിയിരിക്കുന്നത്. ഏറ്റവും നൂതനമായ ആശയങ്ങൾ മിൽമയിൽ കൊണ്ടുവരാനും അവ സമയബന്ധിതമായി നടപ്പിലാക്കാനും പുതുതായി ജോലിയിൽ പ്രവേശിച്ച പുതുതലമുറ ഏറെ പ്രയോജനകരമായി.

മിൽമയിൽ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി പ്രവൃത്തിക്കുന്ന അനേകായിരം ജനങ്ങളാണ് ഇന്ന് കേരത്തിലുള്ളത്. വലിയൊരു തൊഴിൽ മേഖലയും അതിലൂടെ ജനങ്ങൾക്ക് വരുമാനം നേടിക്കൊടുക്കുന്നതിനും മിൽമ പ്രധാന പങ്ക് വഹിക്കുന്നു. മിൽമയിൽ നേരിട്ട് ജോലി ചെയ്യുന്ന ആളുകളുടെ ഏകദേശം 10 ഇരട്ടിയോളം ആളുകളാണ് മിൽമയുടെ മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകളും പുത്തൻ ഡയറി പ്ലാന്റുകളും, നൂതന ലബോറട്ടറികളും സ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം മിൽമക്ക് ലഭിച്ചു വരുന്നുണ്ട്. ഇത്തരം സാമ്പത്തിക സഹായങ്ങൾക്കായി പ്രോജക്ടുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമയബന്ധിതമായി നല്കുന്നതിനും, അവ കൃത്യമായ രേഖകളുടെ സൂക്ഷിപ്പോടെ നടപ്പാക്കുന്നതിനും മിൽമ വളരെ മുൻപന്തിയിലാണ്.

തൊഴിലാളികളിലെ പ്രവർത്തന മികവും ജോലിയിലുള്ള ആത്മാർത്ഥത നിലനിർത്തുന്നതിലും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കുമായി എല്ലാ ഡയറി പ്ലാന്റുകളിലും തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഇത്തരം പദ്ധതികൾ ആളുകൾക്ക് സാമ്പത്തികമായും അല്ലാതെയും പ്രയോജനപ്പെടുത്തുന്ന രീതിയാണ് ക്രമീകരിച്ചിട്ടുള്ളത്.

നിയമപരമായ ഒരു ഭക്ഷ്യസംസ്കരണ ശാലയിലേക്ക് ആവശ്യമായി വരുന്ന ഭക്ഷ്യ സുരക്ഷ സൂപ്പർവൈസർമാരെ പരിശീലിപ്പിക്കാനുള്ള ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ട്രെയിനിങ് ആന്റ് സെർട്ടിഫിക്കേഷൻ (FoSTac) പദ്ധതിയിൽ മിൽമ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (FSSAI) അംഗീകൃത പരിശീലന പങ്കാളിത്തം നേടിയിട്ടുണ്ട്

കൂടാതെ കേരളത്തിൽ പൊതു വിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കി വരുന്ന +1, +2, ഡിഗ്രി തലത്തിലുള്ള കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത നൈപുണ്ണ്യവികസന പാഠ്യപദ്ധതിയായ ASAP (Additional Skill Acquisition Program) നടപ്പിലാക്കുന്നതിന്റെ ഭാഗമായി മിൽമ അഗ്രിക്കൾച്ചറൽ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുമായും (ASCI) അംഗീകൃത പരിശീലന പങ്കാളിത്തം നേടിയിട്ടുണ്ട്. രണ്ട് പദ്ധതികളും മിൽമയിൽ നിന്നുമുള്ള അംഗീകൃത പരിശീലകരെ വച്ച് കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു.

ഒരു ഭക്ഷ്യ സംസ്കരണ ശാല എന്ന നിലക്ക് വളരെ സൗഹാർദ്ദപരമായ പ്രവർത്തനങ്ങളാണ് മിൽമ ചെയ്ത് വരുന്നത്. സംസ്കരണ ശാലകളിലെ മാലിന്യം സംസ്കരണം ചെയ്യുന്നതിനും, ഊർജ സംരക്ഷണത്തിനും വളരെ പ്രാധാന്യം നല്കുന്നു. മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരവധി പുരസ്‌കാരങ്ങളാണ് മിൽമയെ തേടിയെത്തുന്നത്. കൂടാതെ മികച്ച ഊർജ്ജ സംരക്ഷണത്തിന് സംസ്ഥാന സർക്കാരിൽ നിന്നും ബഹുമതിയും പുരസ്കാരവും മില്മയെ തേടിയെത്തുന്നുണ്ട്.

സഹകരണ മേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന പ്രമുഖ സഹകരണ പ്രസ്ഥാനങ്ങളുടെ ശ്രേണിയിലേക്ക് നമ്മുടെ മിൽമ ഉയർന്ന് കഴിഞ്ഞു. അതിന്റെ ഭാഗമായി നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിൽ (NDDP) നിന്നും മികച്ച പ്രവർത്തനത്തിന് 2018-ൽ മിൽമക്ക് അവാർഡും ലഭിക്കുകയുണ്ടായി.

ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ രോഗബാധയെ തുടർന്ന് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായപ്പോൾ ക്ഷീര മേഖലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ചു കൊണ്ട് സമയബന്ധിതമായി പാൽ വില നൽകാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞത് മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള വൈവിധ്യവൽക്കരണം കൊണ്ടും ക്രിയാത്മകമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ്.

ഈ പ്രസ്ഥാനത്തെ ആശ്രയിച്ച് ഉപജീവനം നയിക്കുന്ന ക്ഷീര കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികൾ മിൽമ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. പാലുത്പാദന ചെലവ് കുറക്കാനുതകുന്ന രീതിയിലുള്ള ശാസ്ത്രീയമായ തീറ്റ ക്രമം, കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന തീറ്റ വസ്തുക്കൾ, എന്നിവയെ കുറിച്ചുള്ള അറിവുകൾ ക്ഷീര കര്ഷകരിലേക്ക് പടർന്നു നൽകുന്നതോടൊപ്പം തന്നെ ഭവന രഹിതരായ ക്ഷീര കർഷകർക്ക് വീട് നിർമ്മിച്ച് നൽകുന്ന ക്ഷീര സദനം പദ്ധതി, ക്ഷീര കർഷകരുടെ പെൺ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹ ആവശ്യങ്ങൾക്കും ധനസഹായം നൽകുന്നതിനുള്ള ക്ഷീര സുകന്യ എന്നറിയപ്പെടുന്ന ഒരു നിക്ഷേപ പദ്ധതി, തുടങ്ങി വിവിധങ്ങളായ ക്ഷേമ പദ്ധതികൾ മിൽമ നടപ്പാക്കി വരുന്നു.

ഇതോടൊപ്പം തന്നെ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വിപണനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ ഏജൻസികളുമായി ചേർന്ന് സംസ്ഥാനത്തൊട്ടാകെ വിപണന കേന്ദ്രങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും പരിഗണിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി വൈവിത്യമാർന്ന ഉത്പന്നങ്ങൾ വിപണിയിലിറക്കി സുസ്ഥിരമായ ഒരു വിപണി വില പാലിന് നൽകികൊണ്ട് നമ്മുടെ ക്ഷീര കർഷകരെ ഈ രംഗത്ത് സംതൃപ്തിയോടുകൂടി പിടിച്ചു നിർത്താൻ കഴിയുന്നു എന്നതാണ് കേരളത്തിലെ ക്ഷീര മേഖലയിൽ ഈ സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം.

കെ.എസ് മണി

ചെയർമാൻ, മിൽമ