Milma Profile

മലബാർ മിൽമ - ഒരു വടക്കൻ ‍ ക്ഷീരഗാഥ

കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലെ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഗ്രാമീണ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ. ക്ഷീര കര്‍ഷകരാണ് ഇതിന്റെ ഉടമസ്ഥര്‍. ഗുജറാത്തിലെ ആനന്ദിലുള്ള 'അമൂലി'ന്റെ മാതൃകയിലുള്ള സ്ഥാപനമാണിത്. സഹോദര സ്ഥാപനങ്ങളായ എറണാകുളം, തിരുവനന്തപുരം യൂണിയനുകളെപ്പോലെ മലബാര്‍ ക്ഷീരോല്പാദക യൂണിയനും 'മില്‍മ' എന്ന വ്യാപാര നാമത്തില്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ആസ്ഥാനം: കോഴിക്കോട് (കുന്ദമംഗലം).

പ്രവർത്തനം

കര്‍ഷകതലത്തിൽ പാലുല്പാദന വര്‍ദ്ധനാശ്രമങ്ങൾ ഏറ്റെടുക്കുകയും, ക്ഷീര സഹകരണ സംഘങ്ങളിലൂടെ അത് സംഭരിക്കുകയും ചെയ്യുന്നു. ഈ പാലിനെ ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ക്ക് കൂളറുകളിൽ ശീതീകരിച്ച് ജില്ലാതല ക്ഷീര സംസ്‌കരണ ശാലകളില്‍ എത്തിക്കുന്നു. മലബാറില്‍ മില്‍മക്ക് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ ക്ഷീര സംസ്‌കരണ ശാലകളുണ്ട്. ഇവിടെ പാസ്ച്വറൈസേഷന്‍ വഴി അണുനശീകരണം നടത്തി പാലിനെ സുരക്ഷിതമാക്കുകയും പാക്കിംഗ് ചെയ്യുകയും ചെയ്യുന്നു. ഇത് പിന്നീട് മലബാറിലെ ഏതാണ്ട് പതിനായിരത്തിലധികം വിതരണ കേന്ദ്രങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുന്നു. മിച്ചമുള്ള പാല്‍, തൈര്, സംഭാരം, നെയ്യ്, പേഡ, പാലട, ഐസ്‌ക്രീം എന്നീ പാലുല്പന്നങ്ങളാക്കി മാറ്റുന്നു. യൂണിയന്‍റെ ആകെ വിറ്റുവരവ് 2018-19 ല്‍ 1000 കോടി രൂപ കവിഞ്ഞിരിക്കുന്നു.




ക്ഷീരകര്‍ഷകർ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സംഭരിക്കുക മാത്രമല്ല മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന്‍ ചെയ്യുന്നത്; പുതിയ പശുക്കളേയും, അവയെ വാങ്ങാനുള്ള വായ്പകളും, തീറ്റ സാധനങ്ങളായ കാലിത്തീറ്റ, വൈക്കോല്‍, ചോളപ്പൊടി, മിനറല്‍ മിക്സ്ച്ചർ , പച്ചപുല്ല് മുതലായവയും കര്‍ഷകര്‍ക്ക് എത്തിച്ചു നൽകുന്നു. കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ്, ചികിത്സാസഹായം, അവരുട മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് മുതലായ സാമൂഹ്യ സുരക്ഷാസഹായങ്ങളും യൂണിയന്‍ നല്‍കുന്നുണ്ട്. വ്യാപാരത്തിലൂടെയുള്ള ലാഭം ഓരോ വര്‍ഷവും കര്‍ഷകനു തന്നെ വേനല്‍ക്കാല അധികവിലയായി തിരിച്ചു നല്‍കുകയും ചെയ്യുന്നു.